ചങ്ങനാശേരി: ചങ്ങനാശേരിക്ക് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് മന്ത്രി മോന്‍സ് ജോസഫ്. കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നല്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചങ്ങനാശേരി-ആലപ്പുഴ റോഡിനു സമാന്തരമായുള്ള 13 കിലോമീറ്റര്‍ എസി കനാല്‍ നവീകരണത്തിന് പുത്തന്‍ പദ്ധതി അനുവദിച്ചതായും ഇതുസംബന്ധിച്ച് വിനു ജോബ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ കനാല്‍ പരിശോധിച്ച് വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. എസി കനാല്‍ ആഴംകൂട്ടി നവീകരിക്കണമെന്നതടക്കം ചങ്ങനാശേരിയുടെ വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് ദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സി.എഫ്. തോമസ് നിര്‍ദേശിച്ച പടിഞ്ഞാറന്‍ ബൈപാസ് മുഖ്യമന്ത്രിയുടെ പ്രയോറിറ്റി പാക്കേജില്‍പ്പെടുത്തി യാഥാര്‍ഥ്യമാക്കും. ഇതിനുള്ള പ്രാഥമിക പഠനങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്.
ചങ്ങനാശേരിയിലെ പുതിയതും പഴയതുമായ ശുദ്ധജല പദ്ധതികള്‍ നവീകരിച്ചു രണ്ടുവര്‍ഷത്തിനകം നിയോജകമണ്ഡലത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കും.
ഒരുവര്‍ഷംമുമ്പ് ചങ്ങനാശേരിയില്‍നിന്നു പൊന്‍കുന്നത്തേക്ക് മാറ്റിയ മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ഓഫീസിനു പകരം ചങ്ങനാശേരിയില്‍ പുതിയ ഇറിഗേഷന്‍ എഎക്സി ഓഫീസ് ഉടനെ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സര്‍ക്കാര്‍ ചങ്ങനാശേരിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.